കണ്ണൂർ : കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്ഥാകാലമല്ലെന്നും ചെയർമാന്റെ നടപടി ശരിയായില്ലെന്നും എംഎം മണി തുറന്നടിച്ചു. തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന മുന്നറിപ്പോടെയാണ് എം എം മണി ഇക്കാര്യത്തിൽ പ്രതികരിച്ചത്. കെഎസ് ഇബി ചെയർമാന്റെ നടപടി ശരിയായില്ലെന്നും കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നും മണി പറഞ്ഞു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട മണി, വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.
വിഷയത്തിൽ ചെയർമാനെ തള്ളാതെയായിരുന്നു നേരത്തെ വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി വിശദീകരിക്കുന്നു. യൂണിയൻ നേതാക്കളുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നും പ്രതിഷേധിക്കുകയാണ്.