ദില്ലി : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം. സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ തെറ്റായ സന്ദേശം നൽകും. ജി 23 നേതാക്കൾ പോലും മറ്റു പാർട്ടികളുമായി സഹകരിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. നേതൃത്വത്തെ വെല്ലുവിളിച്ച മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്നാണ് തുറന്നടിച്ചത്.
കെ വി തോമസ് ഇടതുപാളയത്തിലേക്കെന്ന് സൂചന മാസങ്ങൾക്ക് മുമ്പേ കോൺഗ്രസ് ക്യാമ്പിന് കിട്ടിയിരുന്നു. ഹൈക്കമാൻഡ് ഒരിക്കൽ വിലക്കിയിട്ടും വീണ്ടും സെമിനാറിനൽ പങ്കെടുക്കാനുള്ള തോമസിന്‍റെ ആഗ്രഹപ്രകടനവും അനുമതി തേടലും പുറത്തേക്കുള്ള വഴിയായി നേതാക്കൾ കണ്ടിരുന്നു. പുകഞ്ഞ കൊള്ളി പുറത്തുപോകട്ടെ എന്നായിരുന്നു ഹൈക്കമാൻഡിന്‍റെയും കെപിസിസിയുടേയും ലൈൻ. അതുകൊണ്ടാണ് ഓഫർ വെച്ച് തോമസിനെ അനുനയിപ്പിക്കാറുള്ള പതിവ് ഇത്തവണ തെറ്റിച്ചത്.
പോകുന്നവർ പോകട്ടെ എന്നാണ് സമീപകാലത്ത് കോൺഗ്രസ് നേതൃത്വം തുടരുന്ന ശൈലി. റോസക്കുട്ടിയും കെ പി അനിൽകുമാറും പി എസ് പ്രശാന്തുമൊക്കെ പാർട്ടി വിട്ട് ഇടത് ചേരിയിലേക്ക് പോയപ്പോഴുള്ള സമീപനമാണ് തോമസിലും ആവർത്തിക്കുന്നത്. സിപിഎമ്മും തോമസും ബിജെപിക്കുള്ള വിശാല ബദൽ പറഞ്ഞ് പ്രചാരണം തുടങ്ങുമ്പോൾ അധികാരം മാത്രമാണ് ലക്ഷ്യമെന്നു പറഞ്ഞുള്ള കടന്നാക്രമണമാണ് കോൺഗ്രസ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ആരാണ് ബിജെപിക്ക് ബദലെന്ന ചോദ്യം സിപിഎം ഉയർത്തുമ്പോൾ പാർട്ടി കോണ്‍ഗ്രസ് സെമിനാറിന്‍റെ പേരിലെ തോമസ് വിവാദം കോൺഗ്രസ്സിന് നന്നായി വിശദീകരിക്കേണ്ടി വരും.