ജയ്പൂർ : ജീവപര്യന്തം തടവുശിക്ഷ (Life Sentence) അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് കുഞ്ഞുവേണമെന്ന യുവതിയുടെ വിചിത്ര ആവശ്യത്തിന് അനുകൂല വിധി പ്രഖ്യാപിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഇതിനായി ഭർത്താവിന് കോടതി 15 ദിവസത്തെ പരോൾ (Parole) അനുവദിച്ചു. ജഡ്ജിമാരായ സന്ദീപ് മേത്ത, ഫർജന്ദ് അലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിൽവാര ജില്ലക്കാരനായ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ചത്. തടവ് ശിക്ഷ അനുഭവിക്കുന്ന ഭർത്താവിൽ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കളക്ടറെ സമീപിക്കുകയും പരോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കളക്ടർ തന്റെ ഹർജിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീയുടെ വാദം കേട്ട കോടതി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നന്ദലാലിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവിട്ടു. 11 മാസം മുമ്പ് മെയ്യിലാണ് നന്ദലാലിന് 20 ദിവസം പരോൾ ലഭിച്ചത്. 2019 ഫെബ്രുവരി 6 മുതൽ അജ്മീർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് നന്ദലാൽ. ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വിവാഹിതനായത്. ഭർത്താവിന് പരോൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയുമായി ഭാര്യ ജയിൽ ഉദ്യോഗസ്ഥരെയും കളക്ടറെയും സമീപിച്ചു. ദിവസങ്ങൾക്ക് മുമ്പ് അഭിഭാഷകനുമായി ജയിൽ അധികൃതരെ സമീപിച്ച് തനിക്ക് അമ്മയാകാൻ ആഗ്രഹമുണ്ടെന്നും ഭർത്താവിന് പരോൾ നൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കളക്ടറെ കണ്ടത്. അവിടെ നിന്നും പ്രതികരണമുണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. മനഃപൂർവമല്ലാത്ത കുറ്റകൃത്യത്തിനാണ് തന്റെ ഭർത്താവ് ജയിൽ ശിക്ഷ അനുഭവിക്കുന്നതെന്നും അദ്ദേഹം ഒരു പ്രൊഫഷണൽ കുറ്റവാളിയല്ലെന്നും അവർ പറഞ്ഞു. തന്റെ ഭർത്താവ് ജയിൽ നിയമങ്ങളെല്ലാം കർശനമായി പാലിച്ചിരുന്നതായും അവർ അവകാശപ്പെട്ടു.
പരോളിൽ ഒരു കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാൽ വംശാവലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറയുണ്ടാകുന്നത് മതപരവും സാംസ്കാരികവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഋഗ്വേദത്തിന്റെയും വേദ ശ്ലോകങ്ങളുടെയും ഉദാഹരണം നൽകുകയും ഒരു കുട്ടിയുടെ ജനനം മൗലികാവകാശമാണെന്ന് നിരീക്ഷിക്കുകയുമായിരുന്നു കോടതി.