കൊച്ചി : വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലറായ ടിബിൻ ദേവസി അടക്കമുള്ളവരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിൻ ദേവസി. ഇടപ്പള്ളിയിൽ വസ്ത്രവ്യാപാരം നടത്തുന്ന കാസർകോട് സ്വദേശി കൃഷ്ണമണിയെയാണ് പ്രതികൾ കടയിൽ കയറി മർദ്ദിക്കുകയും വൈകുന്നേരം വരെ തടഞ്ഞു വയ്ക്കുകയും ചെയ്തത്. പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പിന്നീട് പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകൾ ഒപ്പിട്ട് വാങ്ങിയെന്നും രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിർബന്ധിച്ച് വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ പത്തോളം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എളമക്കര പൊലീസ് പറഞ്ഞു. വാത്തുരുത്തി കൗൺസിലറായ ടിബിൻ ദേവസി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്.