ലഖ്‌നൗ : മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന പരസ്യമായ ഭീഷണിയുമായി ഹിന്ദു പുരോഹിതൻ. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പം പോലീസ് യൂണിഫോമിൽ ഒരാളെയും പിന്നിൽ കാണാം. വർഗീയമായതും പ്രകോപനപരവുമായ പരാമർശങ്ങളാണ് ഇയാൾ നടത്തുന്നത്. ആൾക്കൂട്ടം ജയ് ശ്രീറാം വിളിയോടെയാണ് പ്രതികരിക്കുന്നത്.
തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ സമാഹരിച്ചതായും പുരോഹിതന്‍ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് അയാൾ പറയുന്നു. ആൾക്കൂട്ടം വലിയ ആഹ്ലാദത്തോടെയാണ് ഈ ഭീഷണിയോട് പ്രതികരിക്കുന്നത്.
ഏപ്രിൽ രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാൽ അഞ്ച് ദിവസത്തിന് ശേഷവും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്‌ട് ചെക്ക് വെബ്‌സൈറ്റ് ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ വീഡിയോ പങ്കിട്ടുകൊണ്ട് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി, വിഷയം അന്വേഷിക്കുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സീതാപൂർ പോലീസ് പറഞ്ഞു. നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ വീഡിയോയിലെ വിദ്വേഷ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബജ്രംഗ് മുനി എന്നറിയപ്പെടുന്ന മതനേതാവാണ് ഇയാളെന്ന് ചിലർ വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.