മുവാറ്റുപ്പുഴ: മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തിൽ വായ്പാ കുടിശിഖ അടച്ചതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾ. വായ്പ കുടിശിഖ അടക്കാനെത്തിയ അജേഷിന്റെ കൈവശമുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചെക്ക് സ്വീകരിക്കാനാക്കില്ലെന്ന ബാങ്ക് അധികൃതരുടെ നിലപാടാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്.
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായ അർബൻ ബാങ്കിലെ ജീവനക്കാർ നൽകിയ പണം ഉപയോഗിച്ച് കുടിശ്ശിക തീർത്ത് വായ്പ ക്ലോസ് ചെയ്തെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ, തന്നോട് ചോദിക്കാതെ പണം എന്തിന് സ്വീകരിച്ചെന്ന് അജേഷ് ആരാഞ്ഞു. ഒടുവിൽ മാത്യു കുഴൽനാടൻ നൽകിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് അധികൃതർ സ്വീകരിക്കുകയായിരുന്നു.ഹൃദ്രോഗിയായ പായിപ്ര പഞ്ചായത്തിലെ പായിപ്ര എസ്.സി കോളനിയിലെ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. ഒരു ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നെങ്കിലും അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെയും മഞ്ജുവിന്റെയും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലു കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാത്യു കുഴൽനാടനെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടാതെ, ദലിത് കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ ഏറ്റെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കുടിശ്ശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തതായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു. എന്നാൽ, ഇത് അജേഷ് നിരസിച്ചു. ബാങ്കിന്റെ സഹായം വേണ്ടെന്നും എം.എൽ.എ നൽകുന്ന സഹായം സ്വീകരിക്കുമെന്നും അജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വലിയ വിവാദത്തിനും വിമർശനത്തിനും വഴിവെച്ച സാഹചര്യത്തിൽ മുവാറ്റുപുഴ അർബൻ ബാങ്ക് സി.ഇ.ഒ ജോസ് കെ. പീറ്റർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.