തൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹം, ബാലവേല, സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് എന്നിവ തടയാൻ സമഗ്ര കർമപദ്ധതി നടപ്പാക്കുന്നു. തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങൾ നടന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി വിളിച്ചുചേർത്ത യോഗത്തിലാണ് കർമപദ്ധതിക്ക് രൂപം നൽകിയത്.
ശൈശവ വിവാഹത്തിനെതിരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ബോധവത്കരണം നടത്തും. ഇതോടൊപ്പം ശൈശവ വിവാഹ നിരോധന നിയമം കൂടുതൽ ശക്തമായി നടപ്പാക്കും. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്തുചടങ്ങ് നടത്തിയാലും വിവാഹമായി പരിഗണിച്ച് കേസെടുക്കും. ഇത്തരം കുട്ടികളെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയും 18 വയസ്സുവരെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്യും. കുട്ടികളെ തമിഴ്നാട്ടിൽ എത്തിച്ച് കല്യാണം നടത്താനാണ് കൊണ്ടുപോകുന്നതെന്ന് കണ്ടെത്തിയാൽ മനുഷ്യക്കടത്തായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കും. ശൈശവ വിവാഹം നടക്കാൻ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കുകയും ഈ കുടുംബങ്ങളെ ശിശുസംരക്ഷണ സമിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.