തിരുവനന്തപുരം : തുടർഭരണത്തിനൊപ്പം പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും മുന്നിലെത്തിയതോടെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തിന്റെ പ്രാതിനിധ്യം വർധിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചാൽ അവിടെയും കേരളത്തിനു വലിയ പ്രാതിനിധ്യമുണ്ടാകും.ഇത്തവണ ദലിത് പ്രാതിനിധ്യം ഉണ്ടാകണമെന്നു തീരുമാനിച്ചാൽ എ.കെ.ബാലനോ കെ.രാധാകൃഷ്ണനോ പിബി അംഗമാകും. സൂര്യകാന്ത് മിശ്രയും ബിമൻ ബസുവും പിബിയിൽനിന്ന് ഒഴിയും.
എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരാണ് കേരളത്തിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ. പിണറായി വിജയനും കോടിയേരിയും ബേബിയും തുടരും. പിണറായി വിജയനു പ്രായപരിധിയിൽ ഇളവു നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. 75 വയസ്സെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എസ്.രാമചന്ദ്രൻപിള്ള ഒഴിവാകുമ്പോൾ എ.വിജയരാഘവൻ പിബിയിൽ എത്താനാണ് സാധ്യത. അങ്ങനെ വന്നാൽ എൽഡിഎഫിനു പുതിയ കൺവീനറുണ്ടായേക്കും.
കേന്ദ്ര കമ്മിറ്റിയിലും കൂടുതൽ പുതുമുഖങ്ങളുണ്ടാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റിയിലെത്തും. ടി.എൻ.സീമ, സി.എസ്.സുജാത, ജെ. മെഴ്സിക്കുട്ടിയമ്മ, മുഹമ്മദ് റിയാസ്, പി.കൃഷ്ണപ്രസാദ്, പി.ശ്രീരാമകൃഷ്ണൻ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. പ്രത്യേക ക്ഷണിതാക്കളായ വി.എസ്.അച്യുതാനന്ദനും പാലൊളി മുഹമ്മദ്കുട്ടിയും ഉൾപ്പെടെ 18 കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. വിഎസിനെ ക്ഷണിതാവായി നിലനിർത്തിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകൻ, വൈക്കം വിശ്വൻ എന്നിവർ ഒഴിവാകും. എം.സി.ജോസഫൈനും മാറിയേക്കാം.