ദില്ലി: വിവാദ സന്ന്യാസി ആസാറാം ബാപ്പുവിന്റെ ആശ്രമത്തിന്റെ പരിസരത്ത് നിർത്തിയിട്ട കാറിൽനിന്ന് 13കാരിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ അഞ്ചിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണിതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വ്യാഴാഴ്ച കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നെന്നും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാറിൽ മൃതദേഹം കണ്ടതെന്നും ഗോണ്ട അഡീഷണൽ എസ്പി ശിവ് രാജ് പ്രജാപതി പറഞ്ഞു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ കാർ കഴിഞ്ഞ കുറച്ച് ദിവസമായി ആശ്രമ വളപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ആശ്രമത്തിലെ തൊഴിലാളികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തെ തുടർന്ന് ആശ്രമം സീൽ ചെയ്തു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്യുകയാണ്. മൃതദേഹം കണ്ടെത്തിയ കാർ ഫോറൻസിക് സംഘം പരിശോധിച്ചു. പെൺകുട്ടിയുടെ പിതാവിനെ മൂന്ന് വർഷം മുമ്പ് കാണാതായിരുന്നു. ഭർത്താവിന്റെ തിരോധാനത്തിന് ഉത്തരവാദികളായവർ തന്നെയാണ് മകളുടെ കൊലപാതകത്തിനും പിന്നിലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. അതേസമയം. അമ്മയുമായി വഴക്കിട്ടാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയതെന്നും കുട്ടി അപസ്മാര രോഗിയായിരുന്നെന്നും സൂചനയുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു ജോധ്പുരിലെ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്.