ദില്ലി : വിവിധ സംസ്ഥാനങ്ങളില ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകള്‍ ഇപ്പോള്‍ തന്നെ ഹിന്ദി ഭാഷയിലാണ് തയാറാക്കുന്നതെന്നും പാര്‍ലമെന്റ് അംഗങ്ങളെ അമിത് ഷാ അറിയിച്ചു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് 22000 ഹിന്ദി അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടേയുള്ള ഒമ്പത് ആദിവാസി വിഭാഗങ്ങള്‍ അവരുടെ ഭാഷ ദേവനാഗരിയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വടക്കേ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ പത്താംക്ലാസ് വരെ സ്‌കൂളില്‍ ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു.