കാസര്‍കോട് : രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക ക്ഷണമില്ലെന്ന ആരോപണവുമായി കാസർകോട് ജില്ലയിലെ ജനപ്രതിനിധികൾ രംഗത്തെത്തി. പെരിയയിലുള്ള കേരള-കേന്ദ്ര സർവകലാശാലയിൽ അഞ്ചാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കാസർകോട് എത്തുന്നത്. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് ബിജെപി മാമാങ്കം ആണെന്നും ഉണ്ണിത്താന്റെ വിമർശനമുണ്ട്.
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഉദുമ എംഎൽഎ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. സർവകലാശാലയുടെ നടപടി ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണെന്നും ഉദുമ എംഎൽഎ വിമർശിച്ചു. എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും വേദിയിൽ ഇരിപ്പിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് രാഷ്ട്രപതിയുടെ ഓഫിസിൽ നിന്നാണെന്നുമാണു സർവകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരയ്ക്ക് കേന്ദ്ര സർവകലാശാല വളപ്പിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ്.