കണ്ണൂര്‍ : കോൺഗ്രസിന്റെ നടപടികളിൽ തനിക്ക് ആശങ്ക ഇല്ലെന്ന് കെ വി തോമസ്. നിലവിൽ ഒരു സാധാരണ കോൺഗ്രസ് അംഗമാണ് താൻ, അത് തുടരും. സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ നിലപാട് വ്യക്തമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സെമിനാർ എന്നതിലല്ല, ഒരു ദേശീയ പ്രശ്‌നമാമാണ് സെമിനാർ ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ തകർച്ച വളരെ വേഗത്തിലാണ് അത് എല്ലാ ഘട്ടങ്ങളിലും താൻ കാണുന്നുണ്ട്. പ്രതിമകൾ നിർമ്മിച്ച് വികസനം മറക്കുന്ന കാഴ്ചപ്പാടുകളില്ലാത്ത ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിൽ ഇന്ന് നടക്കുന്ന സിപിഐഎം സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥി. ഇന്ന് സിപിഐഎം പാർട്ടി കോൺഗ്രസ് വേദിയിൽ കെ.വി. തോമസ് എന്താകും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎം നല്‍കുന്നത് രാഷ്ട്രീയ സന്ദേശം. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുമ്പോള്‍ കൂടിയാണ് കെ.വി.തോമസിന്റെ എന്‍ട്രി. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ സംരക്ഷിയ്ക്കുമെന്നാണ് സിപിഐഎം നിലപാട്. ഇന്നത്തെ സെമിനാറില്‍ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത. എഐസിസി നിർദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ.വി. തോമസിനെതിരെ, കോൺഗ്രസിന്‍റെ നടപടിയും ഉണ്ടാകും. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.