ദില്ലി: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ഒളിയമ്പുമായി ശശി തരൂർ എംപി. ഹിന്ദി രാഷ്ട്രമെന്ന വാദമുയർത്തി ചിലർ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ വിഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം. എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. തെരഞ്ഞെടുപ്പുകൾ ജയിച്ചെങ്കിലും മുഴുവൻ ഭാരതീയരുടെയും പിന്തുണ അവർക്കില്ലെന്ന കാര്യം ഓർക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ഹിന്ദി ഇംഗ്ലീഷിന് ബദലാകണമെന്ന അമിത്ഷായുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. ഭരണഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ നീക്കം രാജ്യത്തിന്‍റെ ഐക്യം വര്‍ധിപ്പിക്കുമെന്നും 37ാമത് പാര്‍ലമെന്‍ററി ഔദ്യോഗിക ഭാഷാ യോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിത്. രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്,. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.