എറണാകുളം : എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പാക്കുന്നതിന് മുന്നോടിയായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയർപ്പിക്കാനായി എത്തി. ഓശാന ഞായറിനോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദിക്ഷണവും പ്രത്യേക ചടങ്ങുകളും നടക്കും. സിറോ മബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം ഇന്നാണ്. ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. ഏകാകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.
കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ സാവകാശം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തും. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.