കന്യാകുമാരി : ഇന്ത്യയിലേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി. 21 പേരടങ്ങിയ സംഘമാണ് രാമേശ്വരത്ത് എത്തിയിരിക്കുന്നത്. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ട് സംഘങ്ങളായാണ് ഇവർ വന്നത്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലർച്ചെ പിടികൂടി പിന്നാലെ ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്. കടൽ അതിർത്തിക്കടുത്തുള്ള ചെറുമണൽ തിട്ടയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തീരസംരക്ഷണ സേന കസ്റ്റഡിയിൽ എടുത്തു. ജാഫ്നയിൽ സ്വദേശികളായ ഇവർ തലൈമാന്നാറിൽ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ വന്നവരെന്നാണ് വിവരം.
സാമ്പത്തികപ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പുതിയ സാമ്പത്തിക വർഷം അവസ്ഥ കൂടുതൽ മോശമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ ഇപ്പോഴും രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുകയാണ്. ധാരാളം പേർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുവെന്നാണ് നേരത്തെ എത്തിയ അഭയാർത്ഥികൾ പറഞ്ഞത്. ശ്രീലങ്കൻ അഭയാർഥിപ്രശ്നം എന്നും തമിഴ്‌നാട്ടിൽ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ രീതിയിൽ പ്രയോഗിക്കുന്ന വിഷയം. സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയിൽ നിന്ന് കൂടുതൽ പേർ എത്തുന്നതോടെ ഈ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
എന്നാൽ കടുത്ത തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കുറച്ച് കൂടി കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്ഐആർ ഇട്ടതും നാം തമിഴർ പോലുള്ള സംഘടനകൾ അതിശക്തമായി എതിർക്കുന്നു. ശ്രീലങ്കൻ തമിഴ് അഭയാർഥികൾ പുറത്തുനിർത്തപ്പെടുന്നു എന്നത് വർഷങ്ങൾക്ക് മുൻപേ ഉള്ള പ്രശ്നമാണ്. വിഷയം സങ്കീർണ്ണതയിലേക്ക് പോകും മുൻപ് പ്രശ്ന പരിഹാരത്തിനാണ് തമിഴ്നാട് സർക്കാരിന്റെ ശ്രമം.