മൂവാറ്റുപുഴ : പണത്തിന് ഒരുപാട് ആവശ്യങ്ങളുണ്ടെങ്കിലും ഒന്നേകാൽ ലക്ഷം രൂപ വീണുകിട്ടിയപ്പോൾ പാണ്ടിരാജിന്റെ കണ്ണ് മഞ്ഞളിച്ചില്ല. അരുതാത്തതൊന്നും മനസ്സിൽ തോന്നിയതുമില്ല. എങ്ങനെയെങ്കിലും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കണമെന്ന് മാത്രമായി ചിന്ത. തമിഴ്നാട് സ്വദേശി പാണ്ടിരാജിന്റെ സത്യസന്ധതയിൽ ഉടമക്ക് പണം ലഭിക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ പാണ്ടിരാജിന് കഴിഞ്ഞ ദിവസമാണ് റോഡിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വീണുകിട്ടത്. വാഴക്കുളം ടൗണിൽ കല്ലൂർക്കാട് ജംക്‌ഷനിൽ നിന്നാണു റോഡിൽ വീണുകിടക്കുന്ന നിലയിൽ അരയിൽ കെട്ടുന്ന ബെൽറ്റും അതിലെ അറയിൽ ഒന്നേകാൽ ലക്ഷം രൂപയും പാണ്ടിരാജിനു ലഭിച്ചത്. ബെൽറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് ചിലർ പാണ്ടിരാജിനെ പറ്റിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
യഥാർഥ ഉടമെ കണ്ടെത്താനായി പണവും ബെൽറ്റും പാണ്ടിരാജ് വാഴക്കുളത്തെ വ്യാപാരിയെ ഏൽപിച്ചു. യഥാർഥ ഉടമയെ കണ്ടെത്തി ബെൽറ്റും പണവും തിരിച്ചേൽപ്പിക്കണമെന്നായിരുന്നു പാണ്ടിരാജ് കടയുടമയോട് ആവശ്യപ്പെട്ടു. വ്യാപാരി വാഴക്കുളത്തെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി. ബാങ്കിൽ പണം അടയ്ക്കാൻ പോകുമ്പോൾ ഇയാളിൽ നിന്ന് പണം നഷ്ടമാകുകയായിരുന്നു. പണം പൊലീസും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും പണം ഉടമയെ തിരിച്ചേൽപ്പിച്ചു.
പാണ്ടിരാജ് കൂലിപ്പണിക്ക് പോയതിനാൽ അദ്ദേഹമില്ലാത്ത സമയത്താണ് പണം കൈമാറിയത്. പാണ്ടിരാജ് മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ വിവരം അറിയിക്കാനും കഴിഞ്ഞില്ല. പിന്നീടു വ്യാപാരികൾ ഇദ്ദേഹത്തെ കണ്ടെത്തി ആദരിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ, സെക്രട്ടറി സിജു സെബാസ്റ്റ്യൻ, ട്രഷറർ ബേബി തോമസ് നമ്പ്യാപറമ്പിൽ, ജോയിന്റ് സെക്രട്ടറി ബിജു അമംതുരുത്തിൽ, ജോസ് ജോസഫ് ചെറുതാനിക്കൽ, തോമസ് ആനികോട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.