തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നു. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി. സമാനതകൾ ഇല്ലാത്ത പ്രവർത്തനമാണ് ജോസഫൈന്റേതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൊഴിലാളി വർഗ പ്രസ്ഥാനത്തിനും രാജ്യത്തെ സ്‌ത്രീമുന്നേറ്റ പ്രവർത്തനങ്ങൾക്കും കനത്ത നഷ്ടമാണ് ജോസഫൈന്റെ ആകസ്മിക വേർപാടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥി രംഗത്തും യുവജന സംഘടനാ രംഗത്തും മഹിളാ നേതാവായും അരനൂറ്റാണ്ട് നിറഞ്ഞ രാഷ്‌ട്രീയ പ്രവർത്തന പാരമ്പര്യമാണുള്ളത്. ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളോടും തികഞ്ഞ ആത്മാർത്ഥതയും കൂറും കണിച്ചു. സംഘടനാരംഗത്തും മറ്റ് ചുമതലകളിലും വിശ്രമരഹിതമായി അവർ പ്രവർത്തിച്ചു. പ്രവർത്തന രംഗങ്ങളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും ജോസഫൈനായി. തൊഴിലാളികളുടെയും സ്‌ത്രീകളുടെയും അവകാശങ്ങൾക്കായി വിട്ടുവീഴ്‌ചയില്ലാതെ പോരാടി. ജോസഫൈന്റെ നിര്യാണം കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ മേഖലകളിൽ വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.