കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. ഇടപ്പള്ളിയിൽ വസ്ത്ര വ്യാപാരം നടത്തുന്ന കാസർഗോഡ് സ്വദേശിയെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പണം തട്ടിയ കേസിൽ വാത്തുരുത്തി കൗൺസിലറായ ടിബിൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നടപടി.
കാസർകോട് സ്വദേശിയായ കൃഷ്ണമണിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് ടിബിൻ ദേവസി അടക്കം മൂന്ന് പേര്‍ അറസ്റ്റിലായത്. കൃഷ്ണമണിയെ പ്രതികൾ കടയിൽ കയറി മർദ്ദിക്കുകയും വൈകുന്നേരം വരെ തടഞ്ഞു വയ്ക്കുകയും ചെയ്തെന്നാണ് പരാതി. പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പിന്നീട് പരാതിക്കാരന്റെ ഭാര്യ പിതാവിനെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ മുദ്രപേപ്പറുകൾ ഒപ്പിട്ട് വാങ്ങിയെന്നും രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിർബന്ധിച്ച് വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിബിൻ അടക്കമുള്ളവരെ കഴിഞ്ഞ വെള്ളിയാഴ്ച എളമക്കര പൊലീസ് അറസ്റ്റ്. സംഭവത്തിൽ പത്തോളം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും എളമക്കര പൊലീസ് പറഞ്ഞു.