കണ്ണൂർ: സിപിഎമ്മിൽ കേരള ഘടകവും ബംഗാൾ ഘടകവും തമ്മിൽ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരു ഘടകങ്ങളും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി. 23–ാം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം ജനം ഏറ്റെടുത്തെന്നും കോടിയേരി അവകാശപ്പെട്ടു. പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘പിണറായി സർക്കാർ പറഞ്ഞത് ചെയ്യും. സംസ്ഥാനത്ത് ഗതാഗത സൗകര്യം വർധിപ്പിക്കണം. സിൽവർ ലൈൻ പദ്ധതിക്കു ഭൂമി നൽകുന്നവർക്കൊപ്പം സർക്കാരും പാർട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാൻ സർക്കാരിനൊപ്പം ജനങ്ങൾ ഉണ്ടാവും. സിൽവർ ലൈനിനെ തകർക്കാൻ കോലിബീ സഖ്യം ശ്രമിക്കുന്നു. സില്‍വര്‍ ലൈന്‍ സ്വകാര്യമേഖലയിലായിരുന്നെങ്കിൽ വിമര്‍ശകരെല്ലാം അനുകൂലിക്കുമായിരുന്നു. പദ്ധതിക്ക് കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള പിന്തുണയ്ക്ക് തെളിവാണ് കെ.വി. തോമസിന്റെ വാക്കുകൾ.’ – കോടിയേരി ചൂണ്ടിക്കാട്ടി.
‘മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പാർട്ടി സിപിഎമ്മാണെന്ന് ജനം തിരിച്ചറിഞ്ഞു. സിപിഎമ്മിനെ ഭയപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. ശത്രു വർഗം സംഘടിതമായി സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നു. പാർട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങൾ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറഞ്ഞു. എവിടെ രണ്ട് തട്ട്? സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാർട്ടി ഒറ്റക്കെട്ടാണ്. ഞങ്ങൾക്കെതിരെ ഇനിയും മാധ്യമങ്ങൾ എഴുതണം. അതിനനുസരിച്ച് ഞങ്ങൾ വളരും.’ – കോടിയേരി സമ്മേളനത്തിൽ പറഞ്ഞു.