ചെന്നൈ: ഹിന്ദിവാദം ഉയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രസർക്കാരും വീണ്ടും സജീവമാകുമ്പോൾ ശക്തമായ പ്രതിരോധമൊരുക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ ഇടങ്ങളിലും സൈബർ ഇടങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗും ഇതിനോടകം വൈറലാണ്. ഭാഷാ വിഷയത്തിൽ ചരിത്രം ഓർമിപ്പിച്ച് ഡിഎംകെയും ശക്തമായ പിന്തുണയാണ് നൽകുന്നത്. ഭാഷാ വികാരം എപ്പോഴും ആളിക്കത്താറുള്ള തമിഴ്നാടിന്, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജീവൻ കൊടുത്ത് പോരാടിയ ചരിത്രവും സ്വന്തം.
വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശമാണ് ഇപ്പോൾ വിവാദത്തിനു തിരികൊളുത്തിയത്. ഇതിനു പിന്നാലെ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ പങ്കുവച്ച ട്വീറ്റ് ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലെ കൊഴുപ്പിച്ചു. തമിഴ് അക്ഷരം ഉയർത്തിപ്പിടിച്ച തമിഴ് ദേവതയുടെ ചിത്രം പങ്കിട്ടായിരുന്നു റഹ്മാന്റെ ട്വീറ്റ്. ‘തമിഴനങ്ങ്’ എന്ന് തലക്കെട്ട് നൽകിയ പോസ്റ്ററിൽ ഭാഷാ പ്രാധാന്യം ഉയർത്തുന്ന വരികളും കാണാം. തമിഴാണ് നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാനമെന്ന ഭാരതിദാസന്റെ കവിതയിലെ വരികളാണ് അദ്ദേഹം പങ്കിട്ടത്.
പോസ്റ്റ് വൈറലായതോടെ ഹിന്ദി വികാരം ഉണർത്താൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനുള്ള മറുപടിയാണിതെന്ന വാദവും ഉയർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഹിന്ദി അനുകൂല നീക്കത്തെ എതിർത്ത് രംഗത്തെത്തി. പാർലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാനങ്ങളിലുള്ളവർ ആശയവിനിമയത്തിന് ‘ഇന്ത്യയുടെ ഭാഷ’ ഉപയോഗിക്കണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ ഐക്യത്തിനു ഹിന്ദി ഔദ്യോഗിക ഭാഷയാക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണഭാഷ ഔദ്യോഗിക ഭാഷയായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ 70 ശതമാനം അജൻഡയും ഇപ്പോൾ ഹിന്ദിയിലാണു തയാറാക്കുന്നത്. പ്രാദേശിക ഭാഷകളിലെ വാക്കുകൾകൂടി സ്വീകരിച്ച് ഹിന്ദിയെ വിപുലമാക്കണമെന്നും നിർദേശമുണ്ടായി. മന്ത്രിയുടെ നിർദേശത്തിൽ തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ പ്രതിഷേധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നാനാത്വത്തിനും എതിരായുള്ള നീക്കമാണിതെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പ്രാദേശികഭാഷകൾക്കു പകരമായി ഹിന്ദിയെ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നു തൃണമൂൽ നേതാവ് സൗഗത റോയ് വ്യക്തമാക്കി.