ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ–എൻ) അധ്യക്ഷൻ ഷെഹബാസ് ഷെരീഫിനും മകൻ ഹംസ ഷെഹ്ബാസിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ അവധിയിൽ പോയി. അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ സർക്കാർ പുറത്തായതിനു പിന്നാലെ തിങ്കളാഴ്ച ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലെത്തിയേക്കുമെന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥൻ അവധിയെടുത്തിരിക്കുന്നത്.
പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ലഹോർ യൂണിറ്റ് ഡയറക്ടർ മുഹമ്മദ് റിസ്വാൻ ആണ് ഏപ്രിൽ 11 മുതൽ അനിശ്ചിതകാലത്തേക്ക് പൂർണശമ്പളത്തോടെ അവധിയിൽ പ്രവേശിച്ചത്. ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുമ്പോൾ പ്രതികാരനടപടിയുണ്ടാകുമെന്ന് ഭയന്നാണ് നീക്കം.അതേസമയം, എഫ്ഐഎയുടെ പ്രത്യേക കോടതി തിങ്കളാഴ്ച 1400 കോടി പാക്കിസ്ഥാൻ രൂപ വെളുപ്പിച്ചെന്ന കേസിൽ ഷെഹ്ബാസിനും ഹംസയ്ക്കുംമേൽ കുറ്റം ചാർത്താനിടയുണ്ട്.അതിനിടെ, പഞ്ചാബ് പ്രവിശ്യ മുൻ മുഖ്യമന്ത്രികൂടിയായ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീക്കെ ഇൻസാഫ് (പിടിഐ) പാർട്ടി മുൻ വിദേശകാര്യമന്ത്രിയായ ഷാ മഹ്മൂഹ് ഖുറേഷിയെയും നാമനിർദേശം ചെയ്തിട്ടുണ്ട്.