പാലക്കാട്: ചിറ്റൂർ അഞ്ചാം മൈലിൽ വണ്ണാമട റോഡിൽ വാനിൽ അഴുകിയ മത്സ്യങ്ങൾ നിറച്ച ട്രേകൾക്കടിയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി.സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. മംഗളൂരുവിൽനിന്നു കൊണ്ടുവരികയായിരുന്ന സ്പിരിറ്റ് ചിറ്റൂരിലെ തെങ്ങിൻ തോപ്പിലേയ്ക്കുള്ളതാണെന്നാണ് എക്സൈസിനുളള വിവരം.
വണ്ണാമടയിലെ ഇടനിലക്കാരനു കൈമാറാനാണ് സ്പിരിറ്റ് സംഘത്തിന്റെ നിർദേശമെന്ന് അറസ്റ്റിലായ ഇരിഞ്ഞാലക്കുട സ്വദേശി ഷബീബ്(26), നെടുമ്പാശേരി സ്വദേശി കെ.വിഷ്ണു(35) എന്നിവർ അധികൃതർക്ക് മൊഴി നൽകി.30 കന്നാസുകളിലുള്ള സ്പിരിറ്റിന് മുകളിൽ പഴകിയ മത്സ്യം നിറച്ച ട്രേകൾ അടുക്കിവച്ച നിലയിലായിരുന്നു. മീൻചന്തയിലേയ്ക്കുളള സാധനമാണെന്നാണ് ആദ്യം എക്സൈസുകാരോട് പറഞ്ഞത്. ഒരു കന്നാസിൽ 35 ലീറ്റർ സ്പിരിറ്റാണുള്ളത്. സ്പിരിറ്റ് വണ്ടിക്ക് മുൻപിലുണ്ടായിരുന്ന പൈലറ്റ് ജീപ്പ് പിടികൂടാനായില്ല. എന്നാൽ വാഹനത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഇന്റലിജൻസ് ഇൻസ്പെക്ടർ സെന്തിൽകുമാർ പറഞ്ഞു.