ഇസ്‌ലാമാബാദ് : അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെ, പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി (പാർലമെന്റ്) ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണു പ്രതിപക്ഷസഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്.
ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. പാക്ക് ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമായ ഷഹബാസ് ഷരീഫ് (70) പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകി. ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) സ്ഥാനാർഥിയായി മുൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും പത്രിക നൽകി.
ഇമ്രാൻ ഖാൻ (69) 2018 ഓഗസ്റ്റ് 18നാണ് അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്. പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവർത്തിച്ചു. സുപ്രീം കോടതി ഇടപെടലിനു ശേഷവും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നു വ്യക്തമായതോടെ, ശനിയാഴ്ച രാത്രി വൈകി സേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹമുയർന്നു. സുപ്രീം കോടതി അടിയന്തര സിറ്റിങ് നടത്താനും തീരുമാനിച്ചു. ഇതോടെ അർധരാത്രി വീണ്ടും സഭ ചേർന്നപ്പോൾ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജി നൽകി ഭരണപക്ഷം സഭ വിട്ടു. മുതിർന്ന പ്രതിപക്ഷാംഗം ഇടക്കാല സ്പീക്കറായി ചുമതലയേറ്റാണു വോട്ടെടുപ്പു നടത്തിയത്.