ശബരിമല : ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ 8 ദിവസത്തെ വിഷുപൂജകൾക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ശംഭു നമ്പൂതിരിക്ക് താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. ഇന്നലെ ഭക്തർക്ക് പ്രവേശനം ഇല്ലായിരുന്നു. ഇന്ന് മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഇന്ന് മുതൽ 18 വരെ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്.
14ന് അത്താഴപൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കി നട അടയ്ക്കും. 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 18ന് രാത്രി 10ന് അടയ്ക്കും. മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അയ്യപ്പന്മാർ ദർശനത്തിന് എത്തുന്നത് വിഷുക്കാലത്താണ്.