മുംബൈ: ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വയും ചേർത്ത് ഉപയോഗിച്ചാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനാകുമെന്ന് ബിജെപിക്ക് മനസ്സിലാക്കിക്കൊടുത്തത് ശിവസേന മുൻ അധ്യക്ഷൻ ബാൽ താക്കറെയാണെന്നും ഉദ്ധവ് അവകാശപ്പെട്ടു.
‘രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി എന്തു വിഷയം രാഷ്ട്രീയത്തിൽ ഉപയോഗിച്ചേനെയെന്ന് താൻ അദ്ഭുതപ്പെടാറുണ്ട്. കാര്യമായ വിഷയങ്ങളില്ലാത്തതിനാൽ മതത്തെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടർത്തുകയാണ് ബിജെപി’ – ഉദ്ധവ് പറഞ്ഞു. മഹാ വികാസ് അഘാഡി സ്ഥാനാർഥിയായി കോലാപുർ നോർത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അംഗം ജയശ്രീ ജാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്നപ്പോൾ 2019ൽ ശിവസേന ഇവിടെ മത്സരിച്ചതാണ്. എന്നാൽ പരാജയപ്പെട്ടു. 2014ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടുതൽ വോട്ടുകൾ അന്ന് കോൺഗ്രസിന് ലഭിച്ചിരുന്നു. ബിജെപിക്ക് കോൺഗ്രസുമായി രഹസ്യ സഖ്യമുണ്ടായിരുന്നോ? ബിജെപി ബാൽ താക്കറെയെ ബഹുമാനിക്കുന്നുവെന്ന് പറയുകയും നവി മുംബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് എന്തിനാണ്?’ – അദ്ദേഹം ചോദിച്ചു.