ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് പിന്നാലെ സർക്കാരിന്‍റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ശനിയാഴ്ചയാണ് സർക്കാരിന്‍റെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തത്. അക്കൗണ്ടിൽ നിന്ന് വിചിത്രമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് നൂറിലധികം ട്വീറ്റുകളാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ട്വീറ്റുകളിൽ ഭൂരിഭാഗവും നോൺ-ഫംഗബിൾ ടോക്കണുകൾ (എൻ.എഫ്.ടി), ക്രിപ്‌റ്റോകറൻസി പോലുള്ള ഡിജിറ്റൽ അസറ്റുകളെ ചുറ്റിപ്പറ്റിയുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്.
തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. യു.പി സർക്കാരിന്‍റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത ട്വീറ്റുകൾക്ക് സമാനമായവയാണ് പഞ്ചാബ് കോൺഗ്രസിന്‍റെ അക്കൗണ്ടിലും കാണപ്പെട്ടത്. യു.ജി.സി, കേന്ദ്ര കാലാവസ്ഥ വകുപ്പ് എന്നിങ്ങനെ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ് സമീപകാലത്ത് ഹാക്കിങ്ങിന് വിധേയമായത്. ക്രിപ്റ്റോ തട്ടിപ്പ് സംഘങ്ങളിലേക്കാണ് നിലവിൽ അന്വേഷണം നീങ്ങുന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗവും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത സംഭവത്തിൽ യു.പി സർക്കാർ സ്വന്തം നിലക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.