തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ അവസാനക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ആശ്വാസംകൂടിയാണ്.
അതേസമയം, സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരും.
2020 ജനുവരി 30-ന് ആണ് രാജ്യത്തുതന്നെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ തൃശ്ശൂര്‍ സ്വദേശിനിയാണ് ആദ്യമായി പോസിറ്റീവായത്. അതിന് ശേഷം ഞായറാഴ്ചവരെ ഔദ്യോഗികമായി ഓരോ ദിവസത്തേയും കോവിഡ് കണക്കുകള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണ നിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.