കൊച്ചി: മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ വൈദ്യുതി മുടങ്ങിയപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതി വിദ്യാർഥികൾ. മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ചിത്രങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ മുതൽ കോളജിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളിൽ ഇരുട്ടായി. ഇതോടെയാണു വിദ്യാർഥികൾ വെളിച്ചത്തിനായി മൊബൈൽ ഫോണിനെ ആശ്രയിച്ചത്.
സർവകലാശാല ചട്ടപ്രകാരം മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളിൽ പ്രവേശിക്കുന്നതിനു കർശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആണെങ്കിൽ പോലും ഹാളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന സർക്കുലർ പരീക്ഷകൾ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കൺട്രോളർ പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ സർക്കുലറിനു വിരുദ്ധമാണു വിദ്യാർഥികളുടെ പ്രവർത്തനമെങ്കിലും നടപടികൾക്കു നീക്കമില്ല. പരീക്ഷയെഴുതാൻ ആവശ്യമായ വെളിച്ചം നൽകാൻ കേളജിനു കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ നടപടിയെടുക്കുമെന്നും ചോദ്യമുണ്ട്.