കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളുടെ യൂണിഫോം പരിഷ്കരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം വിവാദമാകുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരെയുള്ള ദ്വീപിന്റെ പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കുകയാണ് യൂണിഫോം പരിഷ്കരണ തീരുമാനം.ആൺകുട്ടികൾക്കു ട്രൗസറും ഷർട്ടും പെൺകുട്ടികൾക്കു സ്കർട്ടും ഹാഫ് കൈ ഷർട്ടുമാണു നടപ്പാക്കുക. ഇതിൽ തന്നെ പ്രീ സ്കൂൾ മുതൽ 5 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കു സ്കർട്ടും ഹാഫ് കൈ ഷർട്ടും ആൺകുട്ടികൾക്കു ട്രൗസറും ഷർട്ടുമാണു നിർദേശിച്ചിട്ടുള്ളത്.
6 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കു ട്രൗസറിനു സമാനമായ പാവാടയും (ഡിവൈഡർ സ്കർട്ട്) ഹാഫ് കൈ ഷർട്ടും ആൺകുട്ടികൾക്കു പാന്റ്സും ഷർട്ടുമാണു നിർദേശിച്ചിട്ടുള്ളത്. മുൻപു സ്കൂൾ കുട്ടികൾ അവർക്കു സൗകര്യമുള്ള വേഷമായിരുന്നു ധരിച്ചിരുന്നത്. ഫുൾ പാവാടയും ചുരിദാറുമായിരുന്നു പെൺകുട്ടികൾ കൂടുതലും ഉപയോഗിച്ചിരുന്നത്. പുതിയ യൂണിഫോം തയാറാക്കി നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചുള്ള നോട്ടിസ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കിയിരുന്നു. ഇസ്‌ലാമിക രീതികൾ പിന്തുടരുന്ന ദ്വീപിൽ അനിസ്‌ലാമിക വേഷം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു എന്നാണു ദ്വീപുവാസികളുടെ പരാതി.