ദില്ലി: ജെഎൻയു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരായ പ്രതിഷേധം തുടർന്ന് വിദ്യാർഥി യൂണിയൻ. അക്രമത്തിന് നേത്യത്വം നൽകിയ എബിവിപി പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം കടുപ്പിക്കാനിരിക്കുകയാണ് വിദ്യാർഥി യൂണിയൻ. ഇതിനിടെ രാമനവമി ദിനത്തിലെ പൂജ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന വിശദികരണവുമായി ജെഎൻയു അഡ്മിനിസ്ട്രേഷൻ രംഗത്തെത്തി. എബിവിപി വാദം ആവർത്തിക്കുക മാത്രമാണ് അഡ്മിനിട്രേഷൻ ചെയ്തെന്നും യഥാർത്ഥ സംഭവങ്ങൾ മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് എബിവിപി നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു.
ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥി യൂണിയൻ. മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.