കൊച്ചി: വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്റെ അഭിഭാഷകർ തന്റെ പക്കൽ നിന്ന് വാങ്ങിയെന്നാണ് സായി ശങ്കറിന്റെ മൊഴി. ഇത് അടിയന്തരമായി ഹാജരാക്കാനാണ് നിർദേശം.
അഡ്വ ഫിലിപ് ടി.വർഗീസ്, അഡ്വ സുജേഷ് മേനോൻ എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണിലെ സുപ്രധാന തെളിവ് രേഖകൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്‍റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബർ ഹാക്കർ സായി ശങ്കർ മൊഴി നൽകിയിരിക്കുന്നത്.
കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.