ന്യൂഡൽഹി : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെത്തുടർന്നുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ യോജിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെർച്വൽ കൂടിക്കാഴ്ച നടന്നു. സംഘർഷം പരിഹരിക്കുന്നതിന് വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യുഎസും ചേർന്നു പ്രവർത്തിക്കുമെന്നു ബൈഡൻ പറഞ്ഞു.യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളിൽ യുഎസിനുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആകാംക്ഷയോടെയാണ് ലോകം മോദി – ബൈഡൻ കൂടിക്കാഴ്ച ശ്രദ്ധിച്ചത്. റഷ്യയിൽനിന്ന് ഇന്ധന ഇറക്കുമതി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ചേർന്നതല്ലെന്നു പറഞ്ഞ ബൈഡൻ പക്ഷേ, ഈ വിഷയത്തിൽ പ്രത്യേക ആവശ്യം മുന്നോട്ടുവച്ചില്ല. ഇന്ത്യയുടെ ഊർജ ആവശ്യത്തിൽ യുഎസിന്റെ കൂടുതൽ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി പലവട്ടം സംസാരിച്ചതായും യുക്രെയ്നുമായി നേരിട്ടു ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ആവശ്യപ്പെട്ടെന്നും മോദി വ്യക്തമാക്കി. യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊലയെ ഇന്ത്യ ശക്തമായി അപലപിച്ചെന്നും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടെന്നും മോദി വ്യക്തമാക്കി. യുക്രെയ്നിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. സാധാരണ ജനതയുടെ ദുരിതങ്ങൾ പരിഹരിക്കണമെന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. അവർക്കായി മരുന്നും അവശ്യസാധനങ്ങളും അയച്ചിരുന്നു. അടുത്തഘട്ടം മരുന്നുകൾ ഉടൻ യുക്രെയ്നിലെത്തിക്കുമെന്നും മോദി പറഞ്ഞു.
യുക്രെയ്നിന് ഇന്ത്യ നൽകിയ മനുഷ്യത്വപരമായ സഹായങ്ങളെ ബൈഡൻ അഭിനന്ദിച്ചു. ഇന്ത്യ – യുഎസ് ബന്ധം ശക്തമായി തുടരാൻ ചർച്ചകളും സംവാദങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തികരംഗത്തെ മാറ്റങ്ങൾ എന്നിവയും ചർച്ചയായി.ബൈഡൻ ഭരണകൂടം അധികാരമേറ്റ ശേഷം ഇന്ത്യ – യുഎസ് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള ‘ടു പ്ലസ് ടു’ ചർച്ചകൾക്കു മുന്നോടിയായാണു മോദി – ബൈഡൻ കൂടിക്കാഴ്ച നടന്നത്. യുഎസാണ് ഇതിനു മുൻകയ്യെടുത്തത്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിൻ എന്നിവരും ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വൈറ്റ് ഹൗസിൽനിന്ന് ബൈഡനൊപ്പം പങ്കെടുത്തു. പിന്നീട് വിദേശകാര്യ, പ്രതിരോധ മന്ത്രാലയതല ചർച്ച നടന്നു.