തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുമ്പാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചിരുന്നു.
സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവ്വീസ് കാലാവധി.