കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ പ്രതി ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്ത് ക്രൈംബ്രാഞ്ച്. സാക്ഷി ആവശ്യപ്പെട്ട പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നെങ്കിലും ഇന്നു നിലപാടു മാറ്റുകയായിരുന്നു. പ്രതികൾ താമസിക്കുന്ന വീട് എന്ന നിലയിൽ കാവ്യയുടെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനുള്ള തടസമാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. അതിനു പുറമേ ചോദ്യം ചെയ്യലിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തടസമുള്ളതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
പ്രൊജക്ടറും മറ്റും വച്ചു പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചു വേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യൽ പൂർണമായും കാമറയിൽ പകർത്തുകയും വേണം. ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്തു ചോദ്യം ചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യലിനു സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവച്ചുള്ള ചോദ്യം ചെയ്യലിനു സഹകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, ചോദ്യം ചെയ്യാൻ ഉദ്യോസ്ഥർ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരിൽനിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയൽ വീട്ടിൽ തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാൻ തനിക്കു നിയമപരമായ അവകാശമുണ്ട് എന്നാണ് അവരുടെ വാദം. ഈ ആവശ്യത്തിന്റെ നിയമസാധുത പരിശോധിച്ചായിരുന്നു ഇന്ന് ഉച്ചയോടെ അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്നു സമ്മതിച്ചത്. എന്നാൽ ഇന്ന് സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽനിന്നു പിൻവാങ്ങുകയായിരുന്നു.
സിആർപിസി 160 പ്രകാരമാണ് നിലവിൽ കാവ്യാ മാധവനു നോട്ടിസ് നൽകിയിരിക്കുന്നത്. സാക്ഷിയെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിൽ നിസഹകരിക്കുന്ന പക്ഷം സിആർപിസി സെക്ഷൻ 41 എ പ്രകാരം നോട്ടിസ് നൽകി ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം പരിഗണിച്ചേക്കാനുള്ള സാധ്യത വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിയാകാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നവർക്കുള്ള നോട്ടിസ് പ്രകാരം ചോദ്യം ചെയ്യലിനു വിളിപ്പിച്ചാൽ സ്ത്രീ എന്ന പരിഗണന ഇവർക്കു ലഭിക്കില്ല എന്നാണ് നിയമോപദേശം.
കേസിന്റെ തുടരന്വേഷണത്തിൽ കാവ്യമാധവന് ആക്രമണത്തിന് ഇരയായ നടിയോടു കടുത്ത പകയുണ്ടായിരുന്നെന്നും അവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതിയുടെ സഹോദരൻ മറ്റൊരു വ്യക്തിയോടു സംസാരിക്കുന്ന ഓഡിയോ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്. കാവ്യയ്ക്കെതിരെ നേരത്തെ മുതൽ ആരോപണത്തിന്റെ മുന നീണ്ടിരുന്നു എന്നതും ചൂണ്ടിക്കാട്ടി 41 നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തില്‍ വിളിച്ചു വരുത്തുന്നവരെ അറസ്റ്റു ചെയ്യുന്നതിനു നിയമ തടസമുണ്ടാകും.