ബറേലി: വിപണയില്‍ വില കുതിച്ചുയര്‍ന്നതോടെ ചെറുനാരങ്ങ മോഷണവും വ്യാപകമായി. കഴിഞ്ഞദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിലായാണ് നൂറുകിലോയിലേറെ ചെറുനാരങ്ങ മോഷണം പോയത്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
നിലവില്‍ കിലോയ്ക്ക് 250 രൂപയോളമാണ് ചെറുനാരങ്ങയുടെ വില. ഇതിനിടെയാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലും ബരേയ്ലിയിലും ചെറുനാരങ്ങ മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഷാജഹാന്‍പുരിലെ ബജരിയ മാര്‍ക്കറ്റിലെ ഗോഡൗണില്‍നിന്ന് 60 കിലോയോളം ചെറുനാരങ്ങ മോഷണംപോയത്. ഗോഡൗണില്‍ കടന്ന മോഷണസംഘം 40 കിലോ ഉള്ളിയും 38 കിലോ വെളുത്തുള്ളിയും കവര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തില്‍ഹാര്‍ പോലീസ് അറിയിച്ചു.