തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് “മൃത്യുഞ്ജയം’ എന്ന പേരിൽ പ്രത്യേക ക്യാമ്പയ്‌ൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.
വീട്ടിൽ ചെടി വച്ചുപിടിപ്പിക്കുന്നവർ ഉൾപ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.
പകർച്ചവ്യാധികൾക്കെതിരെ തദ്ദേശ വകുപ്പുമായി ചേർന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തുന്നുണ്ട്. വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ വിദ്യ, അസി ഡയറക്ടർ ഡോ അനിൽ, സ്റ്റേറ്റ് മാസ് മീഡിയ ടീം എന്നിവരും പങ്കെടുത്തു.