തിരുവനന്തപുരം: ബൾക്ക് പർച്ചേസിന് ഇന്ധനക്കമ്പനികള്‍ അധിക വില ഈടാക്കുന്ന നടപടി ഇടക്കാല വിധിയിലൂടെ തടഞ്ഞ ഹൈക്കോടതി വിധി ഇന്ത്യയിലെ എല്ലാ പൊതുഗതാഗത മേഖലയ്ക്കും അനുകൂലമായ ചരിത്ര വിധിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്ധനത്തിന് തോന്നുംപടി വില നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം ഈ വിധിയിലൂടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘സാധാരണ സാധനങ്ങൾ മൊത്തമായി വാങ്ങുമ്പോൾ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നതെങ്കിൽ ഇവിടെ അധികം വാങ്ങുമ്പോൾ കൂടുതൽ വില നൽകണമെന്ന വിചിത്ര രീതിയാണ് കമ്പനികൾ അവലംബിച്ചിരിക്കുന്നത്. നേരത്തെ റീട്ടെയിൽ വിലയെക്കാൾ 10% കുറഞ്ഞ വിലയ്ക്കായിരുന്നു കെഎസ്ആർടിസിക്ക് എണ്ണകമ്പനികൾ ഇന്ധനം നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി മുതൽ ബൾക് പർച്ചേസ് നടത്തുന്നവർക്ക് അധികവില കമ്പനികൾ ഈടാക്കി. ഇതിനെതിരെയാണ് കെഎസ്ആർടിസി സുപ്രീംകോടതിയില്‍ കേസ് നല്‍കുകയും തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഇടക്കാലവിധി നേടിയതും.’– മന്ത്രി പറഞ്ഞു