തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. പി.ടി. തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കാനുള്ള അണിയറ നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. സാമുദായിക സമവാക്യങ്ങൾ കൂടെ പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ഇറക്കി തൃക്കാക്കര പിടിക്കണമെന്ന വാശിയിലാണ് സിപിഐഎം. ശക്തമായ മത്സരം കാഴച്ച വെക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. കോൺഗ്രസിൻ്റെ അടിയുറച്ച മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ തവണ പി.ടി തോമസിന് 14329 വോട്ടിൻ്റെ ഭൂരിപക്ഷമാണ് തൃക്കാക്കര നൽകിയത്. തൃക്കാക്കര നിലനിർത്തുക എന്നതിന് പുറമേ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് കൂടിയാണ് കോൺഗ്രസ് കച്ച കെട്ടുന്നത്.
ബൂത്ത് – മണ്ഡലം കമ്മിറ്റികൾ വിളിച്ച് ചേർത്ത് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് ഉടൻ കടക്കും. കെ. സുധാകരനും വി.ഡി.സതീശനും കെ.സി.വേണുഗോപാലും പി.ടി തോമസിൻ്റെ പത്നി ഉമ തോമസിനെ സന്ദർശിച്ചതിലൂടെ വ്യക്തമായ സ്ഥാനാർത്ഥി സൂചനയാണ് കോൺഗ്രസ് നൽകുന്നത്. എന്നാൽ തൃക്കാക്കര സീറ്റിനായി കോൺഗ്രസിനുള്ളിൽ തന്നെ ചരട് വലി ശക്തമാണ്. ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസൻ്റേഷൻ, ടോണി ചെമ്മണി, വി.പി സജീന്ദ്രൻ തുടങ്ങിയവർക്കായാണ് നീക്കം. എന്നാൽ ഉമ തോമസ് എന്ന ഒറ്റ പേരിലേക്ക് എത്തിയാൽ പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നു.
ശക്തനായ സ്ഥാനാർത്ഥിയിലേക്ക് എത്താൻ കഴിയുന്നില്ലെന്നതാണ് സിപിഐഎം നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ. ജേക്കബിനായി വാദമുണ്ടെങ്കിലും സി.പി.ഐ.എം ടിക്കറ്റ് നൽകാൻ തയ്യാറായേക്കില്ല. സഭയ്ക്ക് കൂടെ സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് സി.പി.ഐ.എമ്മിന്റെ ആലോചനയിലുള്ളത്. എ.എൻ. രാധാകൃഷ്ണൻ, ഒ.എം. ശാലീന, ടി.പി.സിന്ധു മോൾ തുടങ്ങിയ പേരുകൾ ബി.ജെ.പി പരിഗണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ ഇറക്കിയാൽ അവർ പിടിക്കുന്ന വോട്ട് മത്സരത്തിൽ നിർണായകമാകും.