യുക്രൈൻ : പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ 4 രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ രക്തച്ചൊരിച്ചിലായി മാറുമെന്നും, ദുരിതങ്ങളും കഷ്ടപ്പാടുകളും നാശവും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യുക്രൈന് അധിക ആയുധങ്ങൾ വേണം. പീരങ്കികളും കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ആവശ്യമാണ്” ബുധനാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ സെലെൻസ്കി പറഞ്ഞു. സമാധാന ഉടമ്പടി പാലിക്കാൻ കഴിയുന്നില്ലെങ്കിൽ റഷ്യ അന്താരാഷ്ട്ര സമൂഹം വിട്ടുപോകണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.
യുക്രൈന് ആയുധ വാഗ്ദാനം ചെയ്തതിന് പ്രസിഡന്റ് ബൈഡനോട് സെലെൻസ്കി നന്ദി പറഞ്ഞു. നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങളിൽ ആയിരക്കണക്കിനു പേർ മരിയുപോളിൽ കൊല്ലപ്പെട്ടതായി സെലെൻസ്കി ആരോപിച്ചിരുന്നു. റഷ്യ നടത്തുന്നതു വംശഹത്യയാണെന്നും യുക്രൈനെ തുടച്ചുനീക്കാനാണു പുട്ടിൻ ശ്രമിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു.