ഒരു പുതിയ പഠനം അനുസരിച്ച്, മനുഷ്യരും മൃഗങ്ങളും മാത്രമല്ല തമ്മിൽ തമ്മിൽ ആശയവിനിമയം നടത്തുന്നത്. മറിച്ച്, കൂണുകളും പരസ്പരം സംസാരിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിൽ പുറപ്പെടുവിക്കുന്ന വൈദ്യുത പ്രവര്‍ത്തനത്തിലെ സ്പൈക്കുകള്‍ വഴിയാണ് കൂണുകൾ പരസ്പരം ആശയവിനിമയം നടത്തുന്നതെന്നാണ് ഈ പുതിയ പഠനം അവകാശപ്പെടുന്നത്. അതായത് മനുഷ്യരെ പോലെ ആശയവിനിമയം നടത്താൻ അവയ്ക്ക് അവയുടേതായ ഒരു ഭാഷയുണ്ട്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ആൻഡ്രൂ അഡമാറ്റ്‌സ്‌കി നാല് ഇനം ഫംഗസുകളിൽ നിന്നുള്ള വൈദ്യുത പ്രവർത്തനം വിശകലനം ചെയ്യുകയും അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
എനോകി, സ്പ്ലിറ്റ് ഗിൽ, ഗോസ്റ്റ്, കാറ്റർപില്ലർ ഫംഗസ് എന്നിവയാണ് ആ നാല് ഇനങ്ങൾ. അവയിലെ വൈദ്യുത സിഗ്നലുകളുടെ പ്രവർത്തനം വർദ്ധിക്കുമ്പോൾ, അത് വാക്കുകൾ പോലുള്ള സങ്കീർണ്ണമായ പാറ്റേണുകൾ സൃഷ്ടിക്കുന്നു എന്നാണ് പഠനം പറയുന്നത്. ഫംഗസുകൾക്ക് ഏകദേശം 50 വാക്കുകൾ വരെ അടങ്ങിയ പദാവലിയുണ്ടായിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു. ഇതുപയോഗിച്ച് മറ്റ് ഫംഗസുകളോട് ആശയവിനിമയം നടത്താനും വിവരങ്ങൾ കൈമാറാനും അവയ്ക്ക് സാധിക്കുന്നുവത്രെ.
മനുഷ്യരിലെ നാഡീകോശങ്ങള്‍ പോലെത്തന്നെ കൂണുകളിലും ഭൂഗര്‍ഭ റൂട്ട് ഘടനകളുണ്ട്. ഈ ഹൈഫൈകളാണ് ഫംഗസുകള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്ന മൈസീലിയം എന്ന ശൃംഖലയുണ്ടാക്കുന്നത്. ഭക്ഷണത്തെ കുറിച്ചും, പരിക്ക് സംഭവിച്ചതിനെ കുറിച്ചുമുള്ള വിവരങ്ങൾ പരസ്പരം അറിയിക്കാനും കൂടാതെ പരസ്പരം സംസാരിക്കാനും കൂണുകൾ സിഗ്നലുകളുപയോഗിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം എല്ലാ കൂണുകളും ഒരേ ഭാഷയല്ല സംസാരിക്കുന്നത്. ഫംഗസുകളുടെ ഇനങ്ങൾക്കനുസരിച്ച് ഭാഷയുടെ സങ്കീർണത വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സ്പ്ലിറ്റ് ഗിൽ ഫംഗസ് ഏറ്റവും വലിയ പദാവലി ഉപയോഗിച്ച് ഏറ്റവും സങ്കീർണ്ണമായ വാക്യങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം എനോകി ഫംഗി, കാറ്റർപില്ലർ ഫംഗസ് തുടങ്ങിയ ഇനങ്ങൾ വളരെ കുറിച്ച് വാക്കുകൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നു.
പ്രൊഫസർ ആൻഡ്രൂ പറയുന്നതനുസരിച്ച്, ഓരോ ഫംഗസ് പദത്തിന്റെയും ശരാശരി ദൈർഘ്യം 5.97 അക്ഷരങ്ങളാണ്, അതായത് മനുഷ്യർ ഉപയോഗിക്കുന്ന അക്ഷരങ്ങളേക്കാൾ അല്പം കൂടുതലാണത്. കാലാവസ്ഥ, വരാനിരിക്കുന്ന അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കൂണുകൾ കൈമാറുന്നതെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, എല്ലാ ശാസ്ത്രജ്ഞരും ഇത് പൂർണ്ണമായും അംഗീകരിക്കുന്നില്ല. ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, എക്സെറ്റർ സർവകലാശാലയിലെ ബയോസയൻസസിലെ ഒരു അസോസിയേറ്റ് പ്രൊഫസറായ ഡാൻ ബെബർ ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വൈദ്യുത പ്രവർത്തനത്തെ ഒരു ഭാഷ എന്ന് വിളിക്കാൻ മാത്രം വിശ്വസനീയമായ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും പറയുന്നു.