തിരുവനന്തപുരം : വിഷുക്കൈനീട്ടവിവാദത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. വിഷുകൈനീട്ട വിവാദം ഉയര്‍ത്തിക്കാട്ടി ബിജെപിക്കും സുരേഷ് ഗോപി എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയ കക്ഷികള്‍ ആരാധനാലയങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് വിഷുക്കൈനീട്ടം പരിപാടി. ബിജെപിയുടെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നതെന്നും എ വിജയരാഘവന്‍ ആഞ്ഞടിച്ചു.
ഇതിനിടെ കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപി എംപി വിശദീകരണവുമായി രംഗത്തെത്തി. വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കിയത് വിവാദമായിരുന്നു. കുട്ടികള്‍ വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന വിഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയതും ചര്‍ച്ചയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറിക്കി. വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്‌ഗോപി എംപി നല്‍കിയത്.