ഡൽഹി : ഹിന്ദു യുവവാഹിനി നടത്തിയ പരിപാടിയിൽ വിദ്വേഷ പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ന്യൂഡൽഹിയിൽ ഹിന്ദു യുവവാഹിനി നടത്തിയ ‘ധരം സൻസദി’ൽ വച്ച് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായി എന്ന പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി പോലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പരിപാടിയിൽ വച്ച് ഒരു മതവിഭാഗത്തിനെതിരെയോ വർഗത്തിനെതിരെയോ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിട്ടില്ല. തങ്ങളുടെ നിലനില്പിനു തന്നെ ഭീഷണി ആയേക്കാവുന്ന ചില ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഒരു മതവിഭാഗത്തിന് ഉത്ബുദ്ധാരണം നൽകുന്നതായിരുന്നു ആ പ്രസംഗം. ഒരു പ്രത്യേക മതവിഭാഗത്തിനെ കൂട്ടക്കൊല നടത്താനുള്ള ആഹ്വാനമായിരുന്നില്ല അത്. പരിപാടിക്കെതിരെ മൂന്ന് പരാതികൾ ലഭിച്ചു. പരാതികളിൽ ആഴത്തിൽ അന്വേഷണം നടത്തുകയും വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, പരാതിയിലെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല.’- സത്യവാങ്മൂലത്തിൽ ഡൽഹി പോലീസ് പറഞ്ഞു.