കൊച്ചി: നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പു കുത്തുന്ന കെഎസ്ആർടിസി കണ്ടു പഠിക്കേണ്ടതു കർണാടക ആർടിസിയെ. ഏറ്റവും തിരക്കേറിയ ഈസ്റ്റർ–വിഷു സീസണിൽ കാശു വാരിയതു കർണാടക ആർടിസിയാണ്. ബസില്ല, ബസുണ്ടെങ്കിൽ ഒാടിക്കാൻ ആളില്ല തുടങ്ങി പതിവു തടസ്സങ്ങൾ നിരത്തി കെഎസ്ആർടിസി മാറി നിന്നപ്പോൾ 103 സ്പെഷൽ സർവീസുകളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരികെയും കർണാടക ആർടിസി ഒാടിച്ചത്. ഏപ്രിൽ 19 വരെ പ്രത്യേക സർവീസുള്ളതിനാൽ എണ്ണം ഇനിയും കൂടും. കോവിഡിനുശേഷം കർണാടക ആർടിസിയുടെ ബെംഗളൂരു, മൈസൂരു ഡിവിഷനുകൾക്കു കീഴിലുള്ള മുഴുവൻ സൂപ്പർ ക്ലാസ് ബസുകളും അവർ ഈ സീസണിൽ നിരത്തിലിറക്കി.
സ്വിഫ്റ്റ് ഉൾപ്പെടെ ഒാടിച്ചിട്ടും 40ൽ താഴെ ബസുകളാണു കെഎസ്ആർടിസി കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്നു ബെംഗളൂരുവിലേക്ക് ഒാടിച്ചത്. ആദ്യം കേരളത്തിലേക്കു 24 സ്പെഷൽ സർവീസുകൾ അനൗൺസ് ചെയ്ത കർണാടക ആർടിസി, തിരക്കു കൂടിയപ്പോൾ ഘട്ടം ഘട്ടമായി ബസുകൾ കൂട്ടിയാണു 103 സർവീസിൽ എത്തിയത്. 2019ൽ ഒാടിച്ച 41 സ്പെഷൽ സർവീസുകൾ എന്ന റെക്കോർഡാണ് അവർ തിരുത്തിയത്. ബെംഗളൂരുവിൽനിന്നു വിഷുവിനു മുന്നോടിയായി എറണാകുളത്തേക്കു മാത്രം എത്തിയത് 19 ബസുകളാണ്. ഇന്നലെ രാവിലെ എത്തിയ ഈ ബസുകൾ ബെംഗളൂരുവിലേക്കു മടക്ക യാത്രയ്ക്കുള്ള തിരക്ക് അനുസരിച്ചു ഏപ്രിൽ 16, 17, 18, 19 തീയതികളിലാണ് ഒാടിക്കുക. എറണാകുളത്തേക്കുള്ള സർവീസുകളിൽ ഐരാവത് ക്ലബ് ക്ലാസ് സീരിസിലുള്ള ബസുകളിൽനിന്നു ശരാശരി 1.30 ലക്ഷം മുതൽ 1.50 ലക്ഷവും അംബാരി ഡ്രീം ക്ലാസിൽനിന്നു 1.70 ലക്ഷം രൂപയുമാണു വരുമാനം.
ഏതു റൂട്ടിലാണോ തിരക്ക് അതിന്റെ വിവരം ബെംഗളൂരുവിൽ അറിയിച്ചാൽ ഉടൻ അടുത്ത ബസിട്ട് ബുക്കിങ് ആരംഭിക്കുന്ന സംവിധാനമാണു കർണാടക ആർടിസിക്കുള്ളത്. കർണാടക എങ്ങനെ ബസ് ഒാടിക്കുന്നുവെന്നു പഠിക്കാൻ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അടക്കമുള്ളവർ അവിടെ പോയെങ്കിലും പഠിച്ചതൊന്നും ഇവിടെ പ്രാവർത്തികമാക്കിയിട്ടില്ല.
കോവിഡ് മൂലം 2 വർഷം ഒാടാതെ കിടന്നതിനാൽ ബസിന് എന്തെങ്കിലും തകരാറുണ്ടായാൽ പരിഹരിക്കാൻ 2 മൊബൈൽ മെക്കാനിക്കൽ യൂണിറ്റുകളും കർണാടക ആർടിസി ഒരുക്കിയിരുന്നു. തമിഴ്നാട് അതിർത്തിയിൽ കൃഷ്ണഗിരിയിലാണു ജീപ്പിൽ മെക്കാനിക്കൽ ജീവനക്കാർ ഉറക്കമൊഴിച്ച് ഇരുന്നത്. കൂടുതൽ ദൂരം തമിഴ്നാട്ടിൽ ഓടുന്നതിനാൽ ബസ് എവിടെയെങ്കിലും വച്ചു കേടായാൽ പെട്ടെന്നു പോയി നന്നാക്കാനുള്ള സൗകര്യത്തിനാണ് അതിർത്തിയിൽ തന്നെ ജീവനക്കാരെ നിർത്തിയത്.
കൂടാതെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ 5 സ്പെയർ ബസുകൾ ക്രൂ സഹിതം ബെംഗളൂരുവിൽ റെഡിയാക്കി നിർത്തിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളില്ലാതെ ഇന്നലെ സർവീസുകൾ ഒാപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നു അധികൃതർ പറഞ്ഞു. ഫെസ്റ്റിവൽ സ്പെഷൽ കരാർ ഒപ്പുവച്ചാൽ 250 ബസുകൾ വരെ കേരളത്തിനും കർണാടകയ്ക്കും ഉത്സവകാലങ്ങളിൽ പരസ്പരം ഒാടിക്കാം. ഇത്തരം സർവീസുകൾക്കു വാഹന നികുതി ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടു കർണാടക ആർടിസി 12 കത്തുകൾ കേരളത്തിനു നൽകിയെങ്കിലും കേരളം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കർണാടകയ്ക്ക് നികുതി ഇളവു നൽകിയാൽ കേരളത്തിനും അതേ ഇളവു നൽകാൻ അവർ തയാറാണ്. ഗോവ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക് കർണാടക നികുതി ഇളവു നൽകുന്നുണ്ട്. ഉത്സവകാലങ്ങളിൽ സ്വകാര്യ ഒാപ്പറേറ്റർമാരുടെ കഴുത്തറപ്പൻ നിരക്കിൽ നിന്നു യാത്രക്കാരെ രക്ഷിക്കാൻ ഇത്തരം കരാറിനു കഴിയുമെങ്കിലും നോക്കട്ടെ, പഠിക്കാം എന്ന പതിവു മറുപടിയാണു കേരളത്തിലെ ഉദ്യോഗസ്ഥർ നൽകുന്നത്.
എംബിഎ ബിരുദമൊന്നും വേണ്ട, പ്രായോഗിക ബുദ്ധി മാത്രം മതി കർണാടകയെ പോലെ വണ്ടി ഒാടിക്കാൻ. കേരളത്തിലെ ഡിപ്പോകളിൽ എന്തു ചോദിച്ചാലും ചീഫ് ഒാഫിസൽ പറഞ്ഞിട്ടുണ്ട്, അവിടെ നിന്നു നിർദേശം കിട്ടിയാൽ ഉടനെ െചയ്യാമെന്ന പതിവു മറുപടി മാത്രമാണു കിട്ടുക. സ്വന്തമായി തീരുമാനമെടുക്കാനുള്ള ധൈര്യം ആർക്കുമില്ല. സിഎംഡി പറയുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ കാലതാമസം വരുന്ന സ്ഥലമാണു കെഎസ്ആർടിസി. എറണാകുളം–മധുര ബസിലെ കണ്ടകട്ർ, ബസിൽ യാത്രക്കാർ കുറഞ്ഞപ്പോൾ കൊച്ചിയിലെ വാത്തുരുത്തി കോളനിയിൽ നോട്ടിസ് അച്ചടിച്ചു വിതരണം ചെയ്തതു വാർത്തയായിരുന്നു. തമിഴ് തൊഴിലാളികളുടെ പ്രധാന ആവശ്യം കെഎസ്ആർടിസിയുടെ സർവീസ് പൊള്ളാച്ചി, പഴനി വഴി ഡിണ്ടിഗൽ വരെ വേണമെന്നായിരുന്നു.
ഇപ്പോഴുള്ള എറണാകുളം–മധുര സർവീസ് നേവൽ ബേസിനു സമീപമുള്ള വാത്തുരുത്തി കോളനി വഴി പോയാൽ തന്നെ വരുമാനം കൂട്ടാമെന്നിരിക്കെ അതുപോലും കെഎസ്ആർടിസി അധികൃതർ ചെയ്തില്ല. പതിവു പോലെ ചീഫ് ഒാഫിസിൽ അറിയിച്ചിട്ടുണ്ടെന്ന മറുപടി നൽകി അധികൃതർ പോയി. അവസരം മനസ്സിലാക്കിയ തമിഴ്നാട് റോഡ് ട്രാൻസ്പോർട് കോർപറേഷൻ ഉണർന്നു. അവരുടെ പഴനി വഴിയുള്ള മധുര സർവീസ് ഡിണ്ടിഗൽ വരെയാക്കി ചുരുക്കി. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ തീരുമാനം എടുത്തു വരുമ്പോഴേക്കും മാസങ്ങൾ കഴിയും.
ട്രാൻസ്പോർട്ട് രംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഏറ്റവും ആദ്യം വേണ്ടതു പെട്ടെന്നു തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള ശേഷിയും സാഹചര്യത്തിന് അനുസരിച്ചു പ്രവർത്തിക്കാനുള്ള മെയ്‌വഴക്കവുമാണ്. ഇതു രണ്ടും കെഎസ്ആർടിസിക്കില്ല. ബസ് ഉള്ളപ്പോൾ ജീവനക്കാർ കാണില്ല, ജീവനക്കാരുള്ളപ്പോൾ ബസ് കാണില്ല, ബസ് നന്നാക്കാൻ ചിലപ്പോൾ മെക്കാനിക്ക് കാണില്ല തുടങ്ങി നൂറുകൂട്ടം പ്രശ്നങ്ങളാണു ഇവിടെയുള്ളത്. ഫയൽ നീങ്ങാനും വലിയ പ്രയാസമാണ്. പതിവു സർക്കാർ ഒാഫിസ് ശൈലിയിൽ ജോലി ചെയ്താൽ മറ്റു സംസ്ഥാനങ്ങളിലെ ആർടിസികളുമായി പിടിച്ചു നിൽക്കാൻ കഴിയില്ല.
സ്ക്രാപ്പ് ചെയ്യാനിട്ടിരിക്കുന്ന പഴയ ബസുകൾ കരാർ വിളിച്ചു വിൽക്കാൻ പോലും കെഎസ്ആർടിസിയിൽ വലിയ കാലതാമസമാണ്. തേവരയിലും എറണാകുളം കാരിക്കാമുറിയിലും കൂട്ടിയിട്ടിരിക്കുന്ന ബസുകളിൽ പലതും നന്നാക്കാൻ കഴിയാത്തവയും ആക്രി വിലയ്ക്കു വിൽക്കാൻ വച്ചിരിക്കുന്നവയുമാണ്. അവ വിറ്റ് ഒഴിവാക്കിയാൽ ആ സ്ഥലമെങ്കിലും ഒഴിഞ്ഞു കിട്ടുമെങ്കിലും അതിനും ഇനിയും നടപടിയില്ല. തുടർച്ചയായ അവധികൾ മൂലം യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിയിട്ടും നന്നാക്കിയ എസി ലോഫ്ലോർ ബസുകൾ സർവീസിന് ഉപയോഗിക്കുന്നില്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു കാരണം. കെയുആർടിസി തേവര ഡിപ്പോയിൽ 8 സ്പെയർ ബസുകൾ വെറുതേ കിടപ്പുണ്ട്. ഡ്രൈവറെയും കണ്ടക്ടറെയും കൊടുത്താൽ കോവിഡിനു മുൻപുണ്ടായിരുന്ന പാലക്കാട്, മലപ്പുറം സർവീസുകളെങ്കിലും പുനരാരംഭിക്കാൻ കഴിയും.