കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതൽ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷൻ. ഏപ്രിൽ 18ന് കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.
കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ നിഗൂഢതകൾ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതൽ സമയം വേണമെന്നാണ് ആവശ്യപ്പെടുക. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടും. നോട്ടിസ് നൽകിയിട്ടും സമയത്ത് ഹാജരാകാത്തത് അന്വേഷണത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു തീരുമാനം.
പ്രതികളിൽനിന്നു കൂടുതൽ തെളിവുകൾ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികൾ സാക്ഷിക്കെതിരെ മൊബൈൽ ഫോണിൽ സംസാരിക്കുന്ന വിവരങ്ങളും എല്ലാം കോടതിയിൽ ചൂണ്ടിക്കാട്ടും. സിആർപിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവൻ ഉപാധി വച്ചതും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ചൂണ്ടിക്കാട്ടി കൂടുതൽ സമയം ചോദിക്കാനാണു തീരുമാനം.
ഇന്നലെ കാവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റൽ വാൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇല്ലാതെ മൊഴി രേഖപ്പെടുത്തനാവില്ല എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കാവ്യയ്ക്കു പിന്നീട് സിആർപിസി 41 എ പ്രകാരം നോട്ടിസ് നൽകുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. അനൂപിനും സുരാജിനും നോട്ടിസ് നൽകാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇരുവരുടെയും വീട്ടിൽ നോട്ടിസ് പതിച്ചിരിക്കുകയാണ്.