കൊൽക്കത്ത: ബംഗാളിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിൽ പെൺകുട്ടിയുടെ പിതാവും അയൽവാസിയും ബന്ധുവും പ്രതികൾ. ഒമ്പതാം ക്ലാസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് സമർ എന്ന സമരേന്ദ്ര ഗായലിയുടെ മകൻ സൊഹൈൽ എന്ന ബ്രജ ഗോപാൽ ഗായലി (21), സുഹൃത്ത് പ്രഭാകർ പൊദ്ദാർ (20) എന്നിവർ പിടിയിലായെങ്കിലും എഫ്ഐആറിൽ ബ്രജ ഗോപാൽ ഗായൽ മാത്രമാണ് പ്രതി. കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തിയും അറസ്റ്റിലായവരെ അനുകൂലിച്ചും മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി തന്നെ രംഗത്തെത്തിയതും വിവാദമായിരുന്നു.
കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. പൊലീസിൽ പരാതി നൽകുന്നതിനു മുൻപ് യാതൊരു നിയമനടപടികളും സ്വീകരിക്കാതെ പുലർച്ചെ തന്നെ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതിനാണു പിതാവിനെയും അയൽവാസിയെയും പ്രതിചേർത്തതെന്നായിരുന്നു പൊലീസ് വിശദീകരണം. സംഭവം നടന്നു നാലു ദിവസത്തിനുശേഷം മാത്രമാണ് മാതാപിതാക്കൾ പരാതി നൽകിയതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. കേസന്വേഷണം സിബിഐക്ക് വിടാൻ കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളും ഇതുവരെ അറസ്റ്റിലായ പ്രതികളെയും സിബിഐക്ക് ഉടൻ കൈമാറണമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തു വരുന്നതും.
ഈ മാസം നാലിനാണ് ബംഗാളിലെ നാദിയ ജില്ലയിലുള്ള ഹൻസ്ഖലിയിൽ പെൺകുട്ടി കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിനെന്നു പറഞ്ഞുപോയ കുട്ടിയെ വൈകിട്ട് അവശനിലയിൽ ഒരു സ്ത്രീ വീട്ടിലെത്തിക്കുകയായിരുന്നു. പുലർച്ചെയോടെ മരിക്കുകയും ചെയ്തു. സമർ ഗായലിയുടെ സമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം യാതൊരു നിയമനടപടികളും സ്വീകരിക്കാതെ പുലർച്ചെതന്നെ സംസ്കരിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. ഈ തൃണമൂൽ നേതാവ് പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ലെന്നും തങ്ങൾ അത്രത്തോളം പാവപ്പെട്ടവരാണ് എന്നും പിതാവ് കൂട്ടിച്ചേർത്തു.
എങ്ങനെയാണ് മകൾ മരിച്ചതെന്നോ എന്താണ് കാരണമെന്നോ മാതാപിതാക്കൾക്കു കാര്യമായ ധാരണയുണ്ടായിരുന്നില്ല. പ്രതികളുടെ സമ്മർദത്തിനു വഴങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അവർ അത്രയും ശക്തരാണെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഗ്രാമങ്ങളിൽ മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കാൻ മരണ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. സാങ്കേതികമായ കാര്യങ്ങൾ ഉന്നയിച്ച് തങ്ങളെ തന്നെ കേസിൽ കുടുക്കാനാണ് ശ്രമമെന്നും ബന്ധുക്കൾ പറയുന്നു. ഞങ്ങളുടെ പേരുകൾ എഫ്ഐആറിൽ എന്തുകൊണ്ട് വന്നെന്ന് അറിയില്ലെന്നും ബന്ധു പ്രതികരിച്ചു.
ഏപ്രിൽ 10നാണ് പൊലീസിൽ പരാതി ലഭിച്ചത്. 21 പേരെ ചോദ്യം ചെയ്‌തു, 11 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ രണ്ടിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ബോധ്യപ്പെട്ടതിനാലാണ് കൂട്ടബലാത്സംഗം ഉൾപ്പെടുത്തിയത്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. പ്രഭാകർ പൊദ്ദാറിന്റെ പേരിൽ എഫ്ഐആറിൽ ഇല്ലാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കേസ് അന്വേഷിക്കുന്നത് സിബിഐയാണെന്നും എല്ലാവിധ സഹായവും നൽകുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.