ഹൈദരാബാദ് : പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാൾക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ. ഹൈദരാബാദ് നന്തിനഗർ സ്വദേശി ബി. ലാലു(37)വിനെയാണ് കോടതി മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലാലു പോലീസ് കൺട്രോൾ റൂം നമ്പറായ 100ൽ വിളിച്ച് വ്യാജ പരാതി അറിയിച്ചത്. തന്റെ സഹോദരനെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ പരാതി. വിവരമറിഞ്ഞയുടൻ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും ലാലുവിന്റെ സഹോദരൻ ഒരുമാസം മുമ്പ് അസുഖം കാരണം മരണപ്പെട്ടതാണെന്നും കണ്ടെത്തി. തുടർന്ന് ലാലുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമാശയ്ക്ക് വേണ്ടിയാണ് 100-ൽ വിളിച്ച് സഹോദരനെ കൊലപ്പെടുത്തിയെന്ന പരാതി അറിയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. പിന്നാലെ ഇയാൾക്കെതിരേ കേസെടുക്കുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.