കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി. പദ്ധതിക്കായി വിവിധ ഇൻഷുറൻസ് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 80,000ത്തോളം തീർഥാടകരാണ് പദ്ധതിയിൽ ഉൾപ്പെടുക. അപകട മരണം, പരിക്ക്, ഹജ്ജ് വേളക്കിടെ കോവിഡ് ബാധിക്കുന്നവർക്കുള്ള ചികിത്സ എന്നിവയാണ് ഇതിൽ ഉൾപ്പെടുക. തീർഥാടനവേളയിലെ 45 ദിവസമാണ് ഇൻഷുറൻസ് പരിധിയിലുള്ളത്.
മരണം സംഭവിക്കുന്ന 15നും 60നും ഇടയിലുള്ളവർക്ക് 10 ലക്ഷം, 60നും 65നും ഇടയിലുള്ളവർക്ക് ആറു ലക്ഷം, 15 വയസ്സുള്ളവർക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം ലഭിക്കുക.
അവസരം നഷ്ടമായവരെ നേരിട്ട് അറിയിക്കും
പുതിയ നിബന്ധനപ്രകാരം ഈ വർഷം ഹജ്ജിന് അവസരം നഷ്ടമായവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നേരിട്ട് അറിയിക്കും. ഇതിനായി സംസ്ഥാനത്തെ 244 പേർക്കും വ്യാഴാഴ്ച ഓൺലൈൻ മുഖേന പരിശീലനം നൽകി. ഇവർ വരും ദിവസങ്ങളിൽ യാത്ര മുടങ്ങിയവരെ ഫോണിലൂടെ വിവരം അറിയിക്കും. യാത്ര മുടങ്ങിയതിൽ 65 വയസ്സിന് താഴെയുള്ളവർക്ക് പുതിയ നിബന്ധനപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബദൽ മാർഗങ്ങളും വിശദീകരിക്കും.താൽപര്യമുള്ളവർക്ക് ഏപ്രിൽ 22നകം വീണ്ടും അപേക്ഷ സമർപ്പിക്കാം.