തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 59,916 കോവിഡ് മരണത്തിന് സഹായമായി വിതരണം ചെയ്തത് 299.58 കോടി രൂപ. ആകെ 64,205 അപേക്ഷ ലഭിച്ചു. 61,632 എണ്ണം അംഗീകരിച്ചു. ബിപിഎൽ വിഭാഗത്തിനുള്ള പ്രത്യേക സഹായത്തിന് 5060 അപേക്ഷയും അംഗീകരിച്ചു.
മാർച്ച് 22ന് മുമ്പ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാൻ ഇനി 44 ദിവസംകൂടി. മാർച്ച് 24 മുതലുള്ള 60 ദിവസത്തിനകം അപേക്ഷ നൽകണമെന്നാണ് സുപ്രീംകോടതി വിധി. അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കും. സമയപരിധിക്കകം അപേക്ഷിക്കാത്തവർക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ കോവിഡ്- ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുന്നതിനും പോകുന്നതിനും ഇടയിൽ അപകടത്തിൽപെട്ടോ മരിച്ച നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം -695035 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.