ദില്ലി : ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. അതേസമയം കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത് സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കാൻ ആംആദ്മി പാർട്ടി നീക്കം തുടങ്ങി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി. ഈ വർഷം അവസാനമാകും രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കച്ചിലെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശ് സ്ഥാപക ദിനത്തിൽ പ്രത്യേക സന്ദേശവും നല്കി. യുപിയിലെ വിജയത്തിൻറെ തൊട്ടടുത്ത ദിവസം ഗുജറാത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയിരുന്നു. തിങ്കളാഴ്ച മുതൽ മൂന്നു ദിവസം വീണ്ടും മോദി ഗുജറാത്തിലേക്ക് പോകുകയാണ്. കർഷകരുടെ റാലിയിലും മോദി സംസാരിക്കും.
സംസ്ഥാനത്ത് 1995 മുതൽ തുടർച്ചയായി ബിജെപി ഭരണത്തിലുണ്ട് . പാർട്ടി സംവിധാനത്തെ തെരഞ്ഞെടുപ്പിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം സംസ്ഥാനത്തിൻറെ നിരീക്ഷണം മോദി നേരിട്ട് ഏറ്റെടുക്കുന്നത്. എല്ലാ മാസവും സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിന് മോദി എത്തും. അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷനിരയിലെ ആശയക്കുഴപ്പം തുടരുകയാണ്. ഹാർദ്ദിക് പട്ടേൽ ഉയർത്തിയ പരസ്യവിമർശനം കോൺഗ്രസിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്. അവസരം പ്രയോജനപ്പെടുത്തി കോൺഗ്രസ് നേതാക്കളെ അടർത്താൻ അരവിന്ദ് കെജ്രിവാൾ നീക്കം തുടങ്ങി. ഹാർദ്ദിക്ക് പട്ടേൽ എഎപിയിൽ എത്തും എന്ന അഭ്യൂഹവും വീണ്ടും ശക്തമാകുകയാണ്.