ന്യൂഡൽഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ. മകളെ കാണാന്‍ യെമനിലേക്ക് പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത ദൗത്യസംഘത്തെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയോഗിച്ചിരുന്നു. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം മധ്യസ്ഥം വഹിക്കും. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷ പ്രിയ.
നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് വിഗദ്ധ സമിതി രൂപീകരിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചു. വേണു രാജാമണി, ടിപി ശ്രീനിവാസന്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. സാമൂഹിക നിയമരംഗത്തെ പ്രമുഖരേയും സമിതിയില്‍ ഉള്‍പ്പെടുത്തും. സമിതിയുടെ ഘടനയില്‍ കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചു. ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന് പരമാവധി പ്രയത്‌നിക്കുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.